സക്കട (Sakkada)
ജോസഫിനെ ഹെഗ്ഗോഡുവിലെ ‘നിനാസം’ എന്ന പ്രസിദ്ധ നാടക പഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തന്നെ എനിക്ക് പരിചയമുണ്ട്. മാതൃഭാഷ മലയാളമായിരുന്നിട്ടുകൂടി തനിക്ക് അപരിചിതമായ കന്നഡ ഭാഷ ദൃഢനിശ്ചയത്തോടെ പഠിച്ച് നാടക-സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ ‘സക്കട’ എന്ന തന്‍റെ കഥാസമാഹാരം പ്രസിദ്ധീകരിക്കുകയാണ്. മലയാളമറിയാത്ത എനിക്ക് ആ കഥകളുടെ സാരാംശം അദ്ദേഹം തന്നെ വിവരിച്ചുതന്നതു കേട്ടപ്പോള്‍ അവയിലെ അമൂര്‍ത്ത ബിംബങ്ങളുടെ ശക്തി കണ്ട് ആശ്ചര്യപ്പെട്ടു. തനത് പുരാണങ്ങളിലും നാടോടിക്കഥകളിലും അന്തര്‍ലീനമായിരിക്കുന്ന അഭൗമമായൊരു രചനാലോകം സൃഷ്ടിക്കാനുള്ള പ്രയത്നമാണ് ഇതില്‍ നടത്തിയിരിക്കുന്നത്. നമ്മുടെ കാഴ്ചകളും സ്വപ്നങ്ങളും ചതിക്കുഴികളും മോഹങ്ങളുമെല്ലാം ഇഴപിരിച്ചെഴുതിയ ഈ കഥകള്‍ എനിക്ക് വളരെ വിശിഷ്ടമായി തോന്നി. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. – ഗിരീഷ് കാസറവള്ളി